ശ്രീകൃഷ്ണപുരം: മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ മംഗലാംകുന്ന് നിലവിളിക്കുന്നിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. മാവൂർ അരയങ്കോട് കൈക്കലാട്ട് മേത്തൽ ശശികുമാറിന്റെയും സിനിയുടെയും ഇളയ മകൾ ദേവിക (21) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു മരണം. പാലക്കാട്ടുനിന്നു കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ദേവികയും സഹോദരി അരുണിമയും സഹോദരപുത്രൻ അഭിജിത്തും സഞ്ചരിച്ച പിക്കപ്പ് വാൻ തമിഴ്നാട്ടിൽനിന്ന് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അരുണിമ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരെയും നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് പുറത്തെടുത്തത്. ഉടൻെ മാങ്ങോട്ടുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ദേവികയെ രക്ഷിക്കാനായില്ല. ദേവികയുടെ മറ്റൊരു സഹോദരി ആദിത്യക്കായി വാങ്ങിയ ഫ്രിഡ്ജ് കൈമാറിയശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.